Saturday, May 5, 2012

ശ്രീ ഉദിയന്നൂര്‍ ദേവീക്ഷേത്രം

തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ് പ്രസിദ്ധമായ ശ്രീ. ഉദിയന്നൂര്‍ ദേവീക്ഷേത്രം. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഊരുട്ടു മഹോത്സവം ആഘോഷിക്കാറുള്ള അപൂര്‍വ്വ ക്ഷേത്രമെന്ന ഖ്യാതിയുമുണ്ട് . ഈ ക്ഷേത്രചൈതന്യത്തിന് സഹസ്രാബ്ദത്തോളം പഴക്കമുണ്ട് .മരുതുംകുഴി ജംഗ്ഷനില്‍ നിന്നാല്‍ ക്ഷേത്രം കാണാം. നേരെ എതിര്‍വശത്ത് ശ്രീ കേശവപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവുമുണ്ട് . പണ്ട് ഇവിടം വിസ്തൃമായ നെല്‍പ്പാടങ്ങളായിരുന്നുവെന്നും അതിന്റെ മരതകാന്തിയില്‍ നിന്നാണ് മരുതംകുഴി എന്ന് ഈ സ്ഥലത്തിന് പേരുണ്ടാവാന്‍ കാരണമെന്നും പറയപ്പെടുന്നു. ക്ഷേത്രമുറ്റത്ത് മനോഹരമായ ഗോപുരം. അതിനടുത്ത്


 പടര്‍ന്ന് പന്തലിച്ച ആല്‍മരം. അകത്ത് സ്വര്‍ണകൊടിമരം. നാലമ്പലവും ശ്രീകോവിലും ചുറ്റുമതിലുമെല്ലാം എത്ര ചേതോഹരം. പ്രധാനമൂര്‍ത്തി ദേവി. ഉദിയന്നൂരമ്മ വടക്കോട്ട് ദര്‍ശനമേകുന്നു. ചതുര്‍ബാഹു വിഗ്രഹം. ശംഖ് , ചക്രം, നാന്ദകംവാള്‍, ത്രിശൂലം, എന്നിവ കൈകളിലുണ്ട് . ദേവിക്ക് മാതൃഭാവം. അമ്മയായിട്ടാണ് ദേവിയെ ആരാധിച്ചുവരുന്നത് . കന്നിമൂലയില്‍ ഗണപതി, ചുറ്റമ്പലത്തിന് പുറത്ത് യോഗീശ്വരന്‍, ശാസ്താവ് , തമ്പുരാന്‍, നാഗര്‍ എന്നീ ഉപദേവന്മാരുണ്ട് . നാല് പൂജ. എല്ലാ മാസവും പൗര്‍ണമി നാളില്‍ ഐശ്വര്യപൂജ. ക്ഷേത്രത്തില്‍ നടന്നുവരുന്ന സമൂഹാരാധനയാണിത് . കുടുംബൈശ്വര്യങ്ങള്‍ക്ക് നടത്തുന്ന ഈ പൂജ ഭക്തജനങ്ങള്‍ മുന്‍കൂര്‍ ബുക്കുചെയ്തുവരുന്നു. കുങ്കുമാഭിഷേകം ദേവിക്കുള്ള വിശിഷ്ടപൂജയാണ് . ദീപാരാധന കഴിഞ്ഞാണ് ഈ പൂജ. കൂടാതെ ഗുരുതിയുണ്ട് . ക്ഷേത്രത്തിലെ പ്രധാന വഴിപാട് അടയാണ് . ഒരു അട, അരയട എന്നീ ക്രമത്തിലും വഴിപാട് നടത്താം. ഒരു അട എന്നാല്‍ ഏതാണ്ട് ആയിരത്തോളം വരും. അരിയും തേങ്ങയും പഴവും ചേര്‍ത്ത് വട്ടയിലയിലാണിത് പുഴുങ്ങിയെടുക്കുക. കൂടാതെ തെരളിയുമുണ്ട് .
നൂറ്റിയെണ്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരുതുംകുഴിയിലെ ഉദിയന്നൂര്‍ കുടുംബത്തില്‍ നീലകണ്ഠന്‍ എന്നൊരു ദേവീഭക്തനുണ്ടായിരുന്നു. കുട്ടിക്കാലത്ത് തനിക്കുണ്ടായ സ്വപ്നദര്‍ശനത്തിലൂടെയാണ് ആ ബാലന്‍ കരവിഞ്ഞൊരുകിക്കൊണ്ടിരുന്ന കിള്ളിയാറ്റിലെടുത്തുചാടി, അതിലൂടെ ഒഴുകിവന്ന വിഗ്രഹം (തിരുമുടി) കരസ്ഥമാക്കി. എന്നാല്‍ ജലപ്രവാഹത്തിലെ ചുഴിയിലകപ്പെട്ടുപോയ ബാലനെ കാണാതാവുകയും കിള്ളിയാറ്റില്‍ മുങ്ങിപ്പോയെന്ന് എല്ലാവരും കരുതിയ ആ കുട്ടി ഏഴാംനാള്‍ തിരുമുടിയുമായി സ്വന്തം ഭവനത്തില്‍ തിരിച്ചെത്തുകയായിരുന്നു. വിഗ്രഹം വീട്ടിലെ പെട്ടിയില്‍ സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് വീടിന്റെ ഒരു ഭാഗത്ത് മുടിപ്പുരകെട്ടി പൂജാദികര്‍മ്മങ്ങളും ചെയ്തുപോന്നു. അന്ന് ദേവിക്ക് ആദ്യമായി അട നിവേദിക്കുകയും ചെയ്തു. ദേവിക്ക് പ്രിയപ്പെട്ട ഈ നിവേദ്യം ഇന്നും തുടരുന്നു. ആദ്യകാലത്ത് നീലകണ്ഠഗുരുപാദര്‍ തന്നെയാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്തുപോന്നിരുന്നത് . പിന്നീട് പിന്‍തലമുറക്കാരായി. ക്ഷേത്രമുണ്ടായതോടെ ബ്രാഹ്മണപൂജയുമായി.
മേടമാസത്തിലെ പുണര്‍തം നാളിലാണ് ഉദിയന്നൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് . പൊങ്കാലയോട് കൂടിയുള്ള പത്തുദിവസത്തെ ഉത്സവം. കലാശാഭിഷേകവും കളമെഴുത്തും പാട്ടുമുണ്ടാകും. കളമെഴുത്തും പാട്ട് ഉത്സവകാലത്ത് നിര്‍ബന്ധമാണ് . എന്നാല്‍ നേര്‍ച്ചയായി മറ്റുദിവസങ്ങളിലും നടത്താറുണ്ട് . ഉത്സവദിവസങ്ങളിലെല്ലാം അന്നദാനവുമുണ്ട് . ക്ഷേത്രകലകള്‍ക്ക് പ്രാമുഖ്യമുള്ള കലാപരിപാടികള്‍, ക്ഷേത്രത്തെ ചുറ്റിയുള്ള ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയ്ക്ക് പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയുണ്ടാകും. വലിയവിള കുണ്ടമണ്‍ഭാഗം ദേവീക്ഷേത്രക്കടവില്‍ ആറാട്ടുനടക്കും. കൊടിയിറങ്ങുന്നതോടെ ഉത്സവം സമാപിക്കും. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കാറുള്ള ഊരുട്ടുമഹോത്സവം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് . എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവമാഹാത്മ്യം ഉലകുടയപെരുമാളിന്റെ ജീവിതകഥ അനുസ്മരിപ്പിക്കുന്നതാണ് . ദേവിയുടെ ഭക്തനായിരുന്നല്ലോ ആ പെരുമാള്‍. നാട്ടുകാര്‍ ചേര്‍ന്ന് നടത്തുന്നതുകൊണ്ടാണ് ഉത്സവത്തിന് ഈ പേരുണ്ടായത് . വാര്‍ഷികോത്സവകാലത്ത് തന്നെയായിരിക്കും ഊരുട്ടുത്സവവും നടക്കുക. അടുത്ത ഊരുട്ടുത്സവം രണ്ടായിരത്തി ഏഴിലാണ് .

No comments:

Post a Comment