കടപ്പാട്: Panchajanyam
അധഃസ്ഥിത സമുദായക്കാര്‍ ഹിന്ദുത്വം പറഞ്ഞാലോ, ഹിന്ദുവായി ജീവിച്ചാലോ അതിലെന്തോ പൊരുത്തക്കേടുണ്ടെന്നാണ് ചിലര്‍ ഉറപ്പിച്ചു പറയുന്നത്. അധഃസ്ഥിതര്‍ക്ക് എങ്ങനെ ഹിന്ദുവാകാന്‍ കഴിയും? അവര്‍ ക്രിസ്ത്യാനിയോ മുസ്ലീമോ ആകണം. ഇങ്ങനെ ചിന്തിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. ഹിന്ദുമതത്തില്‍ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ട്. ക്രിസ്തുമതത്തിലും ഇസ്ലാമിലും അയിത്തവും തൊട്ടുകൂടായ്മയും ഇല്ല. ക്ഷേത്രങ്ങളില്‍ അധഃസ്ഥിതര്‍ക്ക് ആരാധനാ സ്വാതന്ത്ര്യമില്ല. ഇതെല്ലാം കാലഹരണം സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ്. എന്നാലും അധഃസ്ഥിതര്‍ക്ക് ചേക്കാറാവുന്ന സ്ഥലം ക്രിസ്ത്യന്‍ മുസ്ലീം ജനക്കൂട്ടമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം.
അയ്യങ്കാളിയെ മതംമാറ്റാനുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സാല്‍വേഷന്‍ ആര്‍മിയുടെ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്ന ക്ലാറ കീസാണ് അയ്യങ്കാളിയെ മതംമാറ്റാന്‍ ശ്രമിച്ചവരില്‍ പ്രമുഖ. ഇക്കാലത്ത് അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നുവെന്ന കാര്യം ശ്രദ്ധേയമാണ്. 1905 മുതല്‍ 1917 വരെ തിരുവിതാംകൂര്‍ ടെറിട്ടോറിയല്‍ കമാണ്ടറായിരുന്നു ക്ലാര കീസ്. അവര്‍ കവടിയാറില്‍ വിളിച്ചുചേര്‍ത്ത പ്രാര്‍ത്ഥനാ യോഗത്തില്‍ അയ്യങ്കാളിയെ ക്ഷണിച്ചു. പ്രലോഭിപ്പിച്ച് അയ്യങ്കാളിയെ മതംമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. പ്രാര്‍ത്ഥനയോഗത്തില്‍ അയ്യങ്കാളി തന്റെ അനുഭവവും നിലപാടും വ്യക്തമാക്കി. ഈ സംഭവം അയ്യങ്കാളിയെ ഗാഢമായി ചിന്തിപ്പിച്ചു. പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ക്രിസ്തുമതം സ്വീകരിക്കണോ; ഹിന്ദുവായി തുടര്‍ന്ന് അവകാശപ്രക്ഷോഭങ്ങള്‍ നടത്തി തന്റെ ജനതയെ സ്വതന്ത്രരാക്കണോ? അയ്യങ്കാളി സ്വയം ചോദിച്ച ചോദ്യങ്ങളായിരുന്നു ഇത്. ഒരു വിപ്ലവകാരിയുടെ മുഴുവന്‍ ഖ്യാതിയും ഇക്കാലത്ത് അയ്യങ്കാളിക്കുണ്ടായിരുന്നു. അയ്യങ്കാളി വിപ്ലവകാരിയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു. മതം മാറുകയില്ല; മതംമാറ്റത്തെ എതിര്‍ക്കുകയും ചെയ്യും.
കവടിയാറിലെ പ്രാര്‍ത്ഥനാപരിപാടിയില്‍ വെച്ച് മതം മാറാന്‍ അയ്യങ്കാളിയെ നിര്‍ബന്ധിച്ചതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹം ഒരു നിവേദനം തയ്യാറാക്കി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചു. അതില്‍ തന്നെ നിര്‍ബന്ധിച്ചു മതംമാറ്റാന്‍ ശ്രമിച്ചുവെന്നും തെറ്റായ ഇത്തരം നടപടിയെ രാജകീയ വിളംബരം വഴി തടയണമെന്നും അഭ്യര്‍ത്ഥിച്ചു. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിളിക്കപ്പെടുന്ന 1857 ലെ പ്രക്ഷോഭത്തിനുശേഷം വിക്ടോറിയ രാജ്ഞി പാശ്ചാത്യ മിഷണറിമാരുടെ മതംമാറ്റ പ്രവര്‍ത്തികളെ തന്റെ വിളംബരത്തിലൂടെ തടഞ്ഞിട്ടുണ്ടെന്ന് അയ്യങ്കാളി മഹാരാജാവിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അയ്യങ്കാളിയുടെ നിവേദനത്തിനു ലഭിച്ച മറുപടിയില്‍ മിഷണറിമാര്‍ ആരേയും നിര്‍ബന്ധിച്ച് മതംമാറ്റം നടത്തരുതെന്നും സ്വയമേവ ഉള്ള മതംമാറ്റത്തെ ആരും തടയരുതെന്നും പറഞ്ഞു. ഈ രാജകീയ അനുശാസനം ഇന്നും പ്രസക്തമല്ലേ? മിഷണറിമാര്‍ ആരേയും മതംമാറാന്‍ നിര്‍ബന്ധിക്കുന്നില്ല; എല്ലാവരും സ്വയമേവ മതം മാറിക്കൊണ്ടിരിക്കുന്നു! മതം മാറ്റത്തിനെതിരായ ഒരധഃസ്ഥിത വര്‍ഗ്ഗ നേതാവിന്റെ ശബ്ദം അയ്യങ്കാളിയില്‍നിന്നുമാണ് ആദ്യമായി ഉണ്ടായത്.














