ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ ഓണവില്ല് സമർപ്പിക്കലാണ് തിരുവനന്തപുരത്തെ ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. നാടുകാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഇത്. ഓണവില്ല് എന്ന താളവാദ്യത്തിന്റെ മാതൃകയിലാണ് ഇത് ഉണ്ടാക്കപ്പെടുന്നത്. തുടർന്ന് ഇതിൽ ദശാവതാരചിത്രങ്ങളും മറ്റും വരച്ചു ചേർക്കുന്നു.
കേരളത്തിൽ ജന്മി-നാടുവാഴി കുടുംബങ്ങളിൽ അതാതു പ്രദേശത്തെ ആശാരിമാർ ഓണക്കാഴ്ച്ചയായി നൽകിയിരുന്നത് ഓണവില്ലായിരുന്നു. തിരുവനന്തപുരത്തെ രാജാക്കന്മാർ രാജ്യം ശ്രീപദ്മനാഭന്ന് അടിയറ വച്ചപ്പോൾ ഓണവില്ല് സമർപ്പണവും ഭഗവത്പാദത്തിലേക്കു നീക്കിവച്ചതുകൊണ്ടുമാകാം ഈ ആചാരം അമ്പലത്തിൽ നടന്നുവരുന്നത്. ഈ ആചാരത്തിന് രണ്ട് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളതെന്ന് കരുതുന്നു. കരമനയിൽ വാണിയംമൂല മൂത്താശാരി കുടുംബത്തിൻറെ അവകാശമാണ് ഓണവില്ല് തയാറാക്കൽ. മഹാവിഷ്ണുവിൻറെ സൌമ്യഭാവമുള്ള അവതാര കഥകൾ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വർണങ്ങളിലാണ് തയാറാക്കുന്നത്.
മഹാബലിയെ വാമനൻ പാതാളത്തിലേക്ക് അയക്കുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.
ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം.
പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയാറാക്കുന്നത് കടമ്പ് വൃക്ഷത്തിൻറെ തടിയിലാണ്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് ക്ഷേത്രത്തിൽ നിന്നും വാങ്ങി വീടുകളിൽ സൂക്ഷിച്ചാൽ ഐശ്വര്യം കൂടുമെന്ന വിശ്വാസവും ഉണ്ട്.
പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ അനന്തശയനം, ലക്ഷ്മി, താടക, കാവൽഭൂതങ്ങൾ, മഹർഷി തുടങ്ങിയ ചിത്രങ്ങൾ ഇതിൽ വരയ്ക്കും. ഇത്തരം എട്ടുവില്ലുകളാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.
നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ തിരുവോണദിനത്തിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു. ആറുവില്ലുകൾ നരസിംഹം, ശ്രീരാമമൂർത്തി, ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളിലും ചാർത്തുന്നു.
തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം കൊട്ടാരത്തിലെ പൂജാമുറിയിലേക്ക് കൊണ്ടുപോകും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം. പത്മനാഭപുരം കൊട്ടാരത്തിൽ ഓണവില്ലുകളുടെ ശേഖരം നേരിട്ടുകാണാം
പോസ്റ്റ് തയ്യാറാക്കിയത് - ഇന്ദു വാസുദേവ്
കടപ്പാട്: Panchajanyam

No comments:
Post a Comment